2013, സെപ്റ്റംബർ 14, ശനിയാഴ്‌ച

  അയ്യപ്പനു
  
  വിനോദന്‍  ടി  പി

  പ്രിയ  സുഹൃത്തേ  നിന്നോടെനിക്കായ്
  പറയുവാനുണ്ടീ പ്രഭാതത്തില്‍
  വക്കുപൊട്ടിയൊരെന്‍  പാനപാത്രത്തില്‍
  നീ നിറയ്ക്കുക  വാക്കിന്റെ  മധുരം
  വാക്കിന്റെ  നൂലിനാല്‍ കോര്‍ത്തുവച്ച
  കവിതയുടെ  പട്ടം  നീ പറത്തൂ
  ഹൃദയവാനിലതു  പൂക്കളായ്  വിരിയട്ടെ
  കനവിലായിരം പൂമരം  തെളിയട്ടെ
  പൂക്കളൊരുനൂറു  വര്‍ണങ്ങള്‍  വിതറട്ടെ
  പൂക്കളൊരു  നൂറു  മധുരങ്ങള്‍  കിനിയട്ടെ
  മധുരമെല്ലാം ഒഴുകട്ടെ  കവിതയായ്
  കവിതയിലലിയട്ടെ  ഞാനും എന്റെ  പാട്ടും
  ഹൃദയതാളം ലയിക്കട്ടെ കവിതയുടെ
  കടലിലുപ്പായ്  അലിയട്ടെ ഞാനും

  രക്തമാകെ  ഘനീഭവിക്കും വരെ
  ഹൃദയതാളം  പിടഞ്ഞൊടുങ്ങും  വരെ
  പകലുറങ്ങിയും രാത്രിയിലുണര്‍ന്നും
  കവിത  കനലായ് എരിയിച്ചെടുത്തവന്‍
  ഇലഞ്ഞരമ്പുകളില്‍  ഒരു  രക്തബന്ധത്തിന്‍
  വലിയ ദര്‍ശന പ്പെരുമ  കാണിച്ചവന്‍

  ഗഗനചാരി  നീ ഒരു  ശ്യാമമേഘമായ്
  ഇടിമുഴക്കമായ് മിന്നലായ് മാറുക
  ഇവിടെ  വിരിയും കറുപ്പിന്‍  വസന്തത്തില്‍
  പൂത്തുലയട്ടെ  ഞാനുമെന്‍  പാട്ടും.


  ഇരകള്‍
  
  കടല്‍പ്പക്ഷികളുടെ  നോട്ടം
  ഓളപ്പരപ്പിലെ  മീനുകളിലായിരുന്നു.
  മുക്കുവന്റെ  ലക്ഷ്യം വല നിറയ്ക്കുന്ന ചാകരയായിരുന്നു.
  അപ്പോഴേയ്ക്കും  ആഴികള്‍ക്കപ്പുറത്തുനിന്നും
  കടല്‍തന്നെ  ലക്ഷ്യമാക്കിയവര്‍
  നങ്കൂരമിട്ടു കഴിഞ്ഞിരുന്നു.
  വലയില്‍ കുടുങ്ങി ചത്ത പക്ഷിക്കും
  ആത്മഹത്യ  ചെയ്ത  മത്സ്യത്തൊഴിലാളിയുടെ ജഡത്തിനും
  ഒരേ മണം.

  വിലാപം
  ഒരു  മുളന്തണ്ടെടുത്ത്  ഹരിപ്രസദ്  പോയി
  പുല്ലാങ്കുഴലുമായി  തിരിച്ചുവന്നു.
  പ്ളാവിന്റെ  ഒരു  കട്ടയെടുത്ത്
  പാലക്കാട്  മണി  പോയി
  മൃദം ഗ ധ്വനികളുമായി  തിരിച്ചുവന്നു.
  പതിമുഖത്തിന്റെ  കോലെടുത്ത്
  അപ്പുമാരാര്‍  പോയി
  മേളവുമായി  തിരിച്ചുവന്നു.
  ഇതെല്ലാം  കണ്ട്
  റബ്ബറും  വാനിലയും കരഞ്ഞു
  അത്  പാലായി  ഐസ് ക്രീമായി
  ഉറഞ്ഞ്  ഉരുകി  ഇല്ലാതായി.


  വീട്
  ചിലര്‍ക്ക്
  വീട്  ഭോജനത്തിന്ന്
  ചിലര്‍ക്ക്
  ഭജനത്തിന്ന്
  ചിലര്‍ക്ക്
  ഭാഷണത്തിന്ന്,  നിര്‍ഭയനാവുന്നതിഒന്ന്
  എന്നിട്ടും
  വീടുകള്‍ ഉറങ്ങിത്തന്നെ.

  വിളവ്

  കവിയെ  നഷ്ടപ്പെട്ട  കവിത
  പുസ്തകത്തില്‍ നിന്നും ഇറങ്ങിനടന്നു.
  കവിത  കൈമോശം  വന്നപ്പോള്‍
  കവി  വ്യാകരണപുസ്തകത്തില്‍ നിന്നും
  പുറത്തുവന്നു.
  ജീവിതത്തിന്റെ നട്ടുച്ച തിളയ്ക്കുന്ന
  ഒരു  കരിഞ്ഞ  പാടത്ത്
  അവര്‍ കണ്ടുമുട്ടി
  കവിത  തെളിഞ്ഞു
  കതിരു  കനത്തു.
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ