Sunday, November 13, 2011 written by Sri TP Kaladharan, former SPO, SSA
ഇത് കവികള്‍ പഠിക്കുന്ന വിദ്യാലയം
കാലത്തിന്റെ കൂട്ടില്‍ നിന്നും
പറന്നെത്തിയ തത്ത
വിധി നിരത്തിയ
ചീട്ടുകളിലോന്നു കൊത്തിപ്പറിച്ചിട്ടു
പറന്നകലുംപോള്‍
രക്തം പുരണ്ട ഒരു തൂവല്‍
നിലത്തേക്കു വീണു
ആറാം ക്ലാസ് എ ഡിവിഷനില്‍ പഠിക്കുന്ന കിഷോര്‍ എഴുതിയ ഈ കവിത വെറുതെ വായിച്ചു പോകാനാവുമോ? ഉള്ളു മുറിയ്ക്കുന്ന വാക്കുകള്‍ . ഒതുക്കമുള്ള എഴുത്ത്. ഒരു വാക്ക് പോലും അധികമായിട്ടില്ല.
കാലത്തിന്റെ കൂട്, കൊത്തിപ്പറിച്ചിടുക, നിലത്തേക്കു വീണ രക്തം പുരണ്ട തൂവല്‍ ,വിധി നിരത്തിയ ചീട്ടു ഓരോ വാക്കും തൂക്കം ഏറെയുള്ളത്.
പാലക്കാട് ജില്ലയിലെ കാവിശേരിയില്‍ ഒരു വിദ്യാലയം , അല്ല കാവ്യാലയം ഉണ്ട് .എച് എ യു പി സ്കൂള്‍ അക്കര. അവിടെ ധാരാളം കവികള്‍ പഠിക്കുന്നു എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല
ദുഖത്തില്‍ മുങ്ങിയ ഒരു മനസ്സില്‍ നിന്നും
ഞാന്‍ സ്നേഹത്തിന്റെ ഒരു പേജു മറിച്ചു നോക്കി
ആ പേജുകളില്‍ ഞാന്‍ കണ്ടത്
ചിറകടിച്ചുയരുന്ന പക്ഷിക്കുഞ്ഞുങ്ങളെ ആണ്
അമ്മക്കിളി നോക്കാതെ,
എന്നെപ്പോലെ അനാഥര്‍
ഭൂമിയില്‍ നിന്നും പൊട്ടി മുളച്ച പോലെ
-സ്വാലിഹ ബി -ആറ് എ
ഭൂമിയില്‍ നിന്നും പൊട്ടി മുളച്ച പോലെ ഒരു കവിത ഇല്ലേ.?
പി എസ .ആഷിഫ എഴുതുന്നു:-
കാറ്റത്ത് പറക്കുന്ന
കരിഞ്ഞുണങ്ങിയ ഇലയെ കാണുമ്പോള്‍
ക്ഷീണിച്ചു വലഞ്ഞ ഒരു കാക്കക്കുഞ്ഞിനെ പോലെ.
മരത്തില്‍ നിന്നും കൊഴിഞ്ഞു വീഴുമ്പോള്‍
അതിനു അടക്കാന്‍ പറ്റാത്ത സങ്കടമുണ്ടാകും.
ആ നിമിഷം
മരത്തിനോട് വിട പറയുകയാണ്
കറുത്തത് കൊണ്ടാകാം
കാറ്റ് അതിനെ മരത്തില്‍ നിന്നും
കൂട്ടുകാരില്‍ നിന്നും
അകറ്റിയത്.
മാസത്തില്‍ രണ്ടു ശനിയാഴ്ചകള്‍ അവര്‍ സ്കൂളില്‍ ഒത്തു കൂടും .
ഒരു സ്കൂളില്‍ നൂറു കുഞ്ഞു എഴുത്തുകാര്‍ ..
ശനിയാഴ്ച സാഹിത്യ ശില്പശാലയാണ് .
അപൂര്‍വ്വം വിദ്യാലയങ്ങളില്‍ മാത്രമുള്ള അനുഭവം.
എല്ലാ മാസവും മുടങ്ങാതെ ഇത് നടത്താന്‍ കൂട്ടിനു മാഷന്മാരുണ്ട്. വിനോദന്‍ മാഷ് കുട്ടികള്‍ക്കൊപ്പം .
ശനിയാഴ്ചയിലെ കാര്യ പരിപാടി ഏകദേശം ഇങ്ങനെ
ആദ്യം കവിതകള്‍ പരിചയപ്പെടല്‍ .
മലയാളത്തിലെ പ്രിയ എഴുത്തുകാരുടെ കവിതകളിലൂടെ കുട്ടികളുടെ സഞ്ചാരം.
പഴയ കാലവും പുതിയ കാലവും കവിതകളുടെ ഹൃദയം തുറക്കും.വായന.ചൊല്ലല്‍ , ചര്‍ച്ച ,കാവ്യാനുഭവത്തിന്റെ ആഴം കൂട്ടുന്ന വിശകലനം .
മാഷും അവരില്‍ ഒരാളായി പങ്കാളിയാകും.
കാവ്യ ഭാഷയുടെ സവിശേഷതലങ്ങള്‍ തേടിയുള്ള അവരുടെ പ്രയാണം . മുങ്ങാം കുഴിയിട്ട് മുത്തുകളുമായി പൊങ്ങി വരുമ്പോഴുള്ള ആഹ്ലാദം.
കവിതകള്‍ പരിചയപ്പെട്ട അനുഭവം കഴിഞ്ഞാല്‍ രചന തുടങ്ങുകയായി . നിശബ്ദമായ കുഞ്ഞു മനസ്സുകളില്‍ അപ്പോള്‍ വാക്കുകള്‍ ചേക്കേറും .
എഴുതിയത് അവതരിപ്പിക്കണം .അവതരണം ചര്‍ച്ചയിലേക്ക് വഴി തുറക്കും.
കറുത്ത കുട്ടി
കണ്ണ് നീരണിഞ്ഞു
ലോകം നനഞ്ഞു
ജോഷ്നയുടെ കവിത -മൂന്നു വരിയെ ഉള്ളൂ. മഴ എന്നാണു പേര് .ചര്‍ച്ചയില്‍ പങ്കെടുത്തു കുട്ടികള്‍ പറയുന്നു ഇത് കറുത്ത എല്ലാ കുട്ടികളുടെയും സങ്കടം ആവാഹിച്ച കവിതയാണെന്ന് .പിന്നെ കറുപ്പിനെ വിശകലനം ചെയ്യുന്നു. ലോകം നനയുക- പ്രത്യക്ഷാര്‍ഥം വിട്ടു ഉയരത്തില്‍ പറക്കുന്ന കവിത
അടുത്ത കവിത അവതരിപ്പിക്കാന്‍ മുര്സല്‍ ഷാജഹാന്‍ മുന്നോട്ട് വരുന്നു
അമ്മ എന്ന കവിത ഇങ്ങനെ .
ഉരുകിത്തീരുന്ന
ഒരു മെഴുകു തിരി പോലെ
അണയുവോളം ഉരുകും
ഓരോ ശില്പശാല കഴിയുമ്പോഴും നല്ല കുറെ രചനകള്‍ ഉണ്ടാകും . അവ ഇന്‍ലാന്റ് മാസികയില് പ്രകാശിപ്പിക്കും.
കവിതാ സമാഹാരവും സ്കൂള്‍പ്രസിദ്ധീകരിക്കുന്നു
ഇനിയും പുസ്തകങ്ങള്‍ മുളച്ചു വരും
ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ . അതില്‍ പത്ത് ശതമാനം പേരാണ് എഴുത്തിന്റെ കൂട്ടുകാര്‍
ഏതു സ്കൂളിലും പ്രോത്സാഹനം ആവശ്യമുള്ള അവസരം കൂടുതല്‍ നല്‍കേണ്ട പത്ത് ശതമാനം കുട്ടികള്‍ കാണാതിരിക്കില്ല.
ഈ ശിശുദിനത്തിലെങ്കിലും സ്കൂളിന്റെ സര്‍ഗാത്മക സൌന്ദര്യം കണ്ടെത്താനുള്ള അന്വേഷനത്ത്തിനു തുടക്കം കുറിച്ച് കൂടെ? ഈ കുറിപ്പ് അതിനു നിമിത്തമാകട്ടെ .
പ്രിയപ്പെട്ടവരേ ,
അക്കര സ്കൂളിലെ കുട്ടികള്‍ നിങ്ങളുടെ പ്രതികരണം പ്രതീക്ഷിക്കുന്നുണ്ട്
അവരുടെ പ്രവര്‍ത്തനത്തെ നിങ്ങള്‍ എങ്ങനെ നോക്കി കാണുന്നു എന്നു എഴുതുമല്ലോ..
1 – 13 of 13
ആയതിനാല്‍ സര്‍ഗവാസനകളെ വളര്‍ത്തുന്നതില്‍ സ്കൂളുകള്ക്ക് ഒരു പങ്കും ഇല്ല ; വിനോദന്മാര്‍ക്കേ പങ്കുള്ളൂ എന്നു പറയേണ്ടിവരുന്നു. എല്ലാ പ്രതിഭകളും എപ്പോഴേങ്കിലും ഏതെങ്കിലും അധ്യാപകന്റെ സര്‍ഗസഹായം ലഭിച്ചവരാണ്`. അതവര്‍ ഏറ്റുപറയാറുമുണ്ട്. വിനോദന്മാരുടെ ഗണത്തില്‍ പെടാന്‍ അധികം പേരില്ല.
നമ്മെയൊക്കെ പഠിപ്പിച്ച നൂറുകണക്കിന് (ഒന്നാം ക്ളാസുമുതല്‍ ) അധ്യാപകരില്‍ എത്രയാളുടെ പേരെങ്കിലും നമുക്കിന്ന് ഓര്മ്മയുണ്ട്? എത്രയാളോട് നമുക്കിന്നും ആദരമുണ്ട്? 2ഓ 4ഓ.നമ്മെയൊക്കെ (മാഷ് ) നാം പഠിപ്പിച്ച ആയിരക്കണക്കിന്ന് കുട്ടികളില്‍ എത്രപേര്‍ ഓര്മ്മിക്കും എന്നുറപ്പുണ്ട്?
പ്രശ്നം : ആത്മാഭിമാനം തന്നെയല്ലേ?
എന്ന് വിളിച്ചത് ഏറെ ഉചിതം .വിനോദന്‍ മാഷിന്‍റെ ഇടപെടലുകള്‍ കൂടുതല്‍ പരിചയപ്പെടാന്‍ ആഗ്രഹമുണ്ട് .കറുപ്പ് .അനാഥത്വം എന്നിങ്ങനെ ഇന്നിന്റെ പ്രശ്നങ്ങളെ കുട്ടികള്‍ വിശകലനം നടത്തുന്നത് കേള്‍ക്കാന്‍ അതിയായ ആഗ്രഹം ഉണ്ട് .അവരോടൊപ്പം കാവ്യ ചര്‍ച്ചയിലും കവിയരങ്ങിലും പങ്കെടുക്കാന്‍ എന്നാണ് അവസരം കിട്ടുക?എല്ലാ ശനിയാഴ്ചയും സജീവമാകുന്ന സാഹിത്യ സദസ്സുകള്‍ നമ്മുടെ വിദ്യാലയങ്ങളിലും ഏറ്റെടുത്തു കൊണ്ടും ആവാം അത് . ഭാഷാ ക്ലാസുകളുടെ സംസ്കാരം എല്ലാ ദിനത്തിലും ഇങ്ങനെ തന്നെയാകണം എന്നാണു നമ്മുടെ തീരുമാനം .അതിനു അക്കര സ്കൂളിന്‍ പച്ചത്ത ണ ല്‍ ഒരു കുളിര് പകരുന്നു .നന്ദി .വിനോദന്‍ മാഷും കുട്ടികളും ഇനിയും എത്തുമല്ലോ
രാമനുണ്ണി മാഷ് ആരാണ് ഇന്നത്തെ അധ്യാപകര്‍ എന്ന് ചോദിക്കുന്നു
അധ്യാപകരുടെ ആത്മാഭിമാനം. വളരെ വലുതാണ്.അവര്‍ കേവലം ഉപജീവന തൊഴിലാളികള്‍ അല്ല.
എനിക്ക് തോന്നുന്നു പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി സമരം ചെയ്യുന്നവര്‍ സമര വേദികളില്‍ ഇത്തരം നല്ല അനുഭവങ്ങള്‍ സമൂഹത്തെ പരിചയപ്പെടുത്തി അവരെ ആവേശം കൊള്ളിക്കണം . യാന്ത്രികമായ ധര്‍ണകളും ജാഥകളും കൊണ്ട് സമൂഹം കൂടെ വരില്ല.പുതിയ സ്കൂള്‍ സംസ്കാരത്തിന്റെ സംരക്ഷണം .അതിന്റെ വ്യാപനം . പോഷന്‍ തീര്‍ക്കുന്ന പോഴന്മാര്‍ എന്ന് ചെല്ലപ്പേര് വീഴുക നാണക്കേട് തന്നെ
അതിരുകളില്ലാത്ത ആകാശം പോലെയാണ് അധ്യാപനം.അത് കുട്ടികളെ കൂട്ടിക്കൊണ്ടു പോകും.
അധ്യാപിക ആകാന്‍ കഴിയുന്നത് എന്ത് ഭാഗ്യം എന്ന് കരുതുന്നോര്‍ ഈ സമൂഹത്തില്‍ ഉണ്ടെന്നു ഓര്‍ക്കണം.സേതുലക്ഷ്മി അതാണ് ഓര്‍മിപ്പിക്കുന്നത്.
അതെ കുട്ടികളുമായി കൂട്ടുകൂടി കവിത ചൊല്ലി കഥപറഞ്ഞു അന്വേഷണങ്ങളില്‍ ഏര്‍പ്പെട്ടു കൌതകങ്ങളിലെ കൌതുകങ്ങള്‍ തേടി ...ധന്യമായ ജീവിതം .അങ്ങനെ കൊതിക്കാന്‍ കഴിയുന്നതും ഭാഗ്യം.
ബിന്ദു ടീച്ചര്‍ കവിതകളിലേക്ക് ഇറങ്ങി ചെല്ലുന്നു. ഒപ്പം അക്കര സ്കൂളില്‍ നിന്നും കൂടുതല്‍ അനുഭവങ്ങള്‍ പ്രതീക്ഷിക്കുന്നു. (വിനോദന്‍ മാഷ് ഇത് പരിഗണിക്കണേ) കേട്ടറിവുള്ള ഒരു സ്കൂളില്‍ പോകണം എന്ന് ആഗ്രഹിക്കുക .അത് ആ സ്കൂളിനു ലഭിക്കുന്ന വലിയ അംഗീകാരമാണ്.എത്ര സ്കൂളുകള്‍ക്ക് ഇങ്ങനെ അധ്യാപക സമൂഹത്തെ പ്രചോദിപ്പിക്കാനാകും.വരണ്ട സ്കൂളുകള്‍ കൊഴിഞ്ഞു പോകുക തന്നെ ചെയ്യാം.
ആ പ്രതിസന്ധിയില്‍ ഈ അനുഭവങ്ങള്‍ വലുതാണ് അക്കാര്യം ഹിന്ദി വയനാടിന്റെ പ്രതികരണത്തില്‍ ഉണ്ട്.പ്രചോദനം അതിന്റെ ഊര്‍ജം പ്രസരിക്കട്ടെ
അജയഘോഷ് മാഷുടെ നേതൃത്വം ,സുനന്ദന്‍ മാഷെ പോലെ സംസ്ഥാന തലത്തില്‍ പുതിയ പഠനരീതിക്ക് ആശയങ്ങള്‍ നല്‍കുന്നവരുടെ സാന്നിധ്യം. ഉള്‍ക്കാഴ്ചയും കൂട്ടായ്മയും ഒക്കെ അക്കര സ്കൂളിനെ സമ്പന്നമാക്കുന്നു. എനിക്കും ആഗ്രഹമുണ്ട് അവിടെ എത്തണം എന്ന്.
ഇവരെ നല്ല വഴിയിലേക്ക് നയിക്കുന്ന മാഷന്മാർക്കും അഭിനന്ദനങ്ങൾ.
എല്ലാവരും വലിയ കവികളായില്ലെങ്കിലും കവിത മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു കൂട്ടം നല്ല മനുഷ്യരെ ആണല്ലോ ഇവിടെ വാർത്തെടുക്കുന്നത്.
പഴയ കവിതകൾ കൂടുതൽ വായിക്കാനും , ഈണത്തിലും താളത്തിലും എഴുതുവാനും കൂടി പ്രോത്സാഹിപ്പിക്കുക.
ചുണ്ടിൽ നില്ക്കുന്ന കവിതകൾക്ക് നിലനില്പുണ്ട്.
ഒരിക്കൽ കൂടി ആശംസകൾ