2013, ഓഗസ്റ്റ് 15, വ്യാഴാഴ്‌ച

  ഓണക്കവിതകള്‍

ഓണസദ്യ

  അത്തം കറുത്തുരുണ്ടു
  വിവരമറിയിക്കാനായ്
  കാറ്റ് ദൂതുമായെത്തി
  അതറിഞ്ഞ നിലാവ്
  മേഘത്തിന്റെ വണ്ടിയിലേറി
  വിരുന്നിനു  പോയി
  ആകാശം കുറെ കരഞ്ഞു.
  ഓണക്കളികള്‍ കഴിഞ്ഞ്
  പുത്തന്‍ കോടിയുടുത്ത്
  ഓണനിലാവെത്തുന്നതുവരെ.

  മുര്‍സല്‍  ഷാജഹാന്‍ 



  ആത്മഹത്യ

  ഓണത്തിനു  സദ്യ വിളമ്പാന്‍
  കടലാസു കൊണ്ടുവരുന്നതു കണ്ട്
  ഹൃദയം തകര്‍ന്ന വാഴയില
   ഞരമ്പു  മുറിച്ച്
  ആത്മഹത്യ ചെയ്തു.

മുര്‍സല്‍  ഷാജഹാന്‍


  പുത്തരി
  സദ്യക്ക്  പുത്തരി  വാങ്ങാന്‍  പോയ
  ഡ്രൈവറെ
  വൈകീട്ടും കാണുന്നില്ല
  രാത്രി  കൈയും വീശിയെത്തി
  അന്വേഷിച്ചപ്പോള്‍
  സയന്റിസ്റ്റ്  ലീവിലായിരുന്നു.
  
മുര്‍സല്‍ ഷാജഹാന്‍

  ചാറ്റല്‍ മഴ

  സദ്യയില്ലെന്നറിഞ്ഞിട്ടും
  ഓടിന്റെ  കണ്ണുകളിലൂടെ
  തിരുവോണത്തിനു....
  ആദ്യം നനച്ചത്  അവന്റെ
  മനസ്സിനെയായിരുന്നു.
  നീറിനീറി  അടഞ്ഞ കണ്ണുകള്‍
  പിന്നെയും
  ചാറ്റലില്‍ തേങ്ങുന്നു.
  തുമ്പ കറുത്തതും
  മുക്കുറ്റി  കരഞ്ഞതും
  അവന്‍
  നിലാവിനെ കാണാതായപ്പോഴാണറിഞ്ഞത്.
  കാലം ജീവിതത്തെ  നനയ്ക്കുന്നുവെന്ന്
  അവന്‍ ചാറ്റലില്‍ എഴുതി.
  അവന്റെ കണ്ണില്‍  മുഴുവന്‍
  മാഞ്ഞുപോകുന്ന അക്ഷരങ്ങള്‍..
  നിലാവുണ്ണാനാണവള്‍ ആഗ്രഹിച്ചത്
  പക്ഷേ
    മഴയതനുവദിച്ചില്ല.


  വാഴയില

  ചങ്ങമ്പുഴയുടെ  വാഴക്കുലയുടെ ശബ്ദം
  കടലാസില്‍ മുഴങ്ങുന്നുണ്ടായിരുന്നു.
  ആ ശബ്ദം തെരുവിലും പടര്‍ന്നിരുന്നു.
  അപ്പോഴാണറിഞ്ഞത്..
  ഓണം
  കാലത്തിന്റെ  മറവില്‍
  ഒളിച്ചിരിപ്പാണെന്ന്
  ..
  ഉച്ച കഴിഞ്ഞിട്ടും കാണുന്നില്ല
  വിളിച്ചുചോദിച്ചപ്പോള്‍
  ട്രാഫിക്കിലാണത്രെ.
  പാന്റിട്ട ഓനത്തിനു  ഓടാന്‍ കഴിയുന്നില്ല
  പിന്നെയും വിളിച്ചു...
  സ്വിച്ച്ഡ് ഓഫ്ഫ്

  അഞ്ജലി   എം
  


ഓണാവധി
  പുസ്തകത്തെ  അവധിയുടെ കീശയില്‍ ഒളിപ്പിച്ചു
  പകരം
  അമ്മയുടെ വഴക്ക്
  ഓണത്തിലെ  ഒരു അതിഥിയെപ്പോലെ  കൂടെ വന്നു

  സ്വാലിഹ  ബി

  ഓണം 

  വിശക്കുന്നവരുടെ മനസ്സില്‍
  പുത്തരിച്ചോറിന്റെ  മണം
  പക്ഷെ
  ആര്‍ക്കും മനസ്സിലായില്ല
  എന്തിനാണീ മണം വരുന്നത്  എന്ന്..
  പെട്ടെന്ന്  എന്തോ ഒരു  ശബ്ദം
  അപ്പോള്‍
  കാറ്റ്  തഴുകിക്കൊണ്ട്  പറഞ്ഞു
  ഓണം വരവായി

  സോന   എം


  വാഴയില

  കര്‍ക്കറ്റകത്തിന്റെ  അടിയേറ്റ് തളര്‍ന്ന
  വാഴയിലയെ
  അമ്മ വാരിയെടുത്തു
  എന്നിട്ട്
  ചോറൂട്ടിക്കൊടുത്തു.
  പിന്നെ  അമ്മ  അതിനെ
  പുതിയ തളിരുകള്‍ക്ക് വളക്കൂറാവാന്‍
  മണ്ണിലേയ്ക്ക് പറഞ്ഞയച്ചു.
  അപ്പോള്‍ അവന്‍ പറഞ്ഞു
   ഞാനൊരു  ഓര്‍മ  മാത്രമാവുമെന്ന്
  എന്റെ  തലമുറകള്‍  കൊഴിയുകയാണെന്ന്

  അനുമോള്‍  എ

  പുത്തരി

പുത്തരി
  എന്റെ മനസ്സിലെ
  പുത്തന്‍ അനുഭവങ്ങളാണ്‍
  പുത്തരിയുണ്ണുമ്പോള്‍
  മനസ്സിലേയ്ക്ക് കടന്നുവരുന്നത്
  ഓണപ്പൂക്കളുടെ  സുഗന്ധമാണ്‍
  ഷിനു   എസ്


  വിളമ്പല്‍
  അമ്മ  വാഴയിലയില്‍
  ചോറു  വിളമ്പി
   ഞാന്‍ എന്റെ  കവിതകളില്‍
  അക്ഷരം വിളമ്പി.

  അനുരൂപ്  ആര്‍

  
ഓണക്കാര്‍

    ഓണം വന്നപ്പോള്‍
  ഓണക്കാറിനും സന്തോഷമായി
  ഓണത്തിരക്ക് കാണാനായി
  കരിമുകിലുകള്‍  ഉരുണ്ടു കൂടുന്നുണ്ടായിരുന്നു.
  ഓണപ്പൂക്കളം കാണാന്‍ അവര്‍ക്ക് തിടുക്കമായി.
  അവര്‍ ഓണസമാനവുമായി
  ഭൂമിയിലേയ്ക്ക്
  കുതിച്ചു.

  ജിത  ജെ


  ഓണമഴ

 ചിങ്ങത്തിലെ ചിണുങ്ങിയ മഴ
  ഓണത്തിനു  കൂട്ടായി
  കര്‍ക്കിടകത്തിലെ  മഴ കൊണ്ട്
  വെയില്‍ പനി പിടിച്ച് കിടപ്പാണ്‍
  അതാണ്‍  ഓണത്തിന്‍
  എത്താന്‍ കഴിയാതിരുന്നത്.
  ഓണം കഴിയുന്നതിനു മുന്‍പു തന്നെ
  പൂക്കളങ്ങളെയും കൊണ്ട്
  മഴ ഒറ്റയ്ക്കു മടങ്ങി.
  കരയില്ലാത്ത കടലിനെത്തേടി
  
  അജിഷ  എം


  മഴവില്ല് തീര്‍ത്ത പൂക്കളം

  പൂക്കളുടെ  ഇതള്‍  വിരിയുന്നതു പോലെ
   ഞാന്‍  മുറ്റാത്തൊരു  പൂക്കളം തീര്‍ത്തു.
  മഴവില്ലിന്റെ  നിറം  കട്ടെടുത്താണു  പൂക്കളം തീര്‍ത്തത്.
  ഇതു കണ്ട്  മഴവില്ല് വാതിലുകള്‍ ചവിട്ടിപ്പൊളിച്ച്
  പുറത്തുവന്നു.
  ആരും  കാണാതെ
  എന്നൊട്  മന്ത്രിച്ചു..
  എന്റെ  വീടുമുറ്റത്തും ഒരു  പൂക്കളം തീര്‍ത്തുതരാമോ?
  പെട്ടെന്ന് കറുത്തിരുണ്ട  കാര്‍മേഘങ്ങള്‍
  മഴവില്ലിനെ  പുതപ്പിച്ചുകൊണ്ടു കടന്നുകളഞ്ഞു.
  ഓര്‍മയ്ക്കായി ഒരു  കുടം മഴയെയും തന്നിട്ടാണു പോയത്.
  അപ്പോള്‍  എനിക്കു മനസ്സിലായി
  മഴ തന്ന പൂക്കളമായിരുന്നു  ഞാന്‍ തീര്‍ത്തതെന്ന്.

 സ്നേഹ   എസ്
  





  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ