ഞാന്‍ വായിച്ച പുസ്തകം

 ഞാന്‍  വായിച്ച പുസ്തകം : 
ടി പി വിനോദന്‍



ലല്ലേശ്വരിയുടെ കവിതകള്‍ 

    വിവര്‍ത്തനം വേണു.വി.ദേശം







  
      ആധുനിക കാശ്മീരിഭാഷയുടെ മാതാവ് എന്നറിയപ്പെടുന്ന കവയിത്രിയാണ്‍ ലല്ലേശ്വരി.പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇവര്‍ ദൈവാനുരാഗത്തെ മതാതീതമായിദര്‍ശിച്ചു.വിവസ്ത്ര സന്യാസിനിയായി സഞ്ചരിച്ചു.
    
   അവനവനില്‍ത്തന്നെ അടങ്ങിയിട്ടുള്ള ചൈതന്യത്തെ കണ്ടെത്താന്‍ ശ്രമിയ്ക്കുന്ന ലല്ലേശ്വരിയുടെ കവിതകള്‍ ആത്മാ   ന്വേഷണത്തിന്റെ ആവിഷ്കാരങ്ങളാണ്‍.കവിതകളിലെ ദൈവസങ്കല്‍പം പലപ്പോഴും ടാഗോറിനോട് ചേര്‍ന്നു നില്‍ക്കുന്നു.
  
  
      ആരാധനാവിഗ്രഹം
  
       വെറും ശില
       ക്ഷേത്രം വെറും ശില
       അടി മുതല്‍ മുടിവരെ
       ശില മാത്രം
       അഹങ്കാരിയായ പുരോഹിതാ
       നീ ആരെ പൂജിയ്ക്കുന്നു?
  
   ചില കവിതകള്‍ തികച്ചും പുതിയ കാലത്തിന്റെതു തന്നെ എന്ന് തോന്നും.
  
  
       പകല്‍ മാഞ്ഞു.
       മങ്ങൂഴവും വറ്റി.
       എന്റെ കീശകളും കാലി.
       ഞാനെങ്ങനെ
       കടത്തുകൂലി കൊടുക്കും?
  
   മനുഷ്യസ്വഭാവത്തെ സൂക്ഷ്മമായി നിരീക്ഷിയ്ക്കാനും കവയിത്രി ശ്രമിയ്ക്കുന്നുണ്ട്.ഇത് ഫസ്റ്റ് പേഴ്സണിലാണ്‍ പറയുന്നതെങ്കിലും പൊതുസ്വഭാവത്തെയാണ്‍ വെളിപ്പെടുത്തുന്നത്.
  
       എനിയ്ക്ക്
       തെക്കന്‍ മേഘങ്ങളെ
       ചിതറിച്ചു കളയാനായേക്കും.
       സമുദ്രത്തെ
       വരട്ടിക്കളയാനായേക്കും.
       ഭേദമാക്കാനൊക്കാത്തതിനെ
       വിധേയമാക്കാനായേക്കും.
       എങ്കിലും
       ഒരു വിഡ് ഢിയെ 
       ബോധ്യപ്പെടുത്താന്‍
       കഴിയുന്നതേയില്ല.
  
   എന്തായിരിയ്ക്കണം ധര്‍മം എന്നതിനും ലല്ലേശ്വരി തന്റെ പ്രതികരണം രേഖപ്പെടുത്തുന്നു.
  
       വിശപ്പും ദാഹവും
       ദേഹത്തെ പീഡിപ്പിച്ചുകൂടാ.
       വിശപ്പുള്ളപ്പോള്‍
       ഭക്ഷണം നല്‍കൂ
       മതാനുഷ്ഠാനങ്ങളെയും    
       ഉപാസനയേയും
       ഭര്‍ത്സിയ്ക്കൂ.
       നന്മ ചെയ്യൂ
       അതാണ്‍
       സ്വധര്‍മം.
  
   പരിഹാസങ്ങളോട് വളരെ കാവ്യാത്മകമായിത്തന്നെ കവയിത്രി പ്രതികരിയ്ക്കുന്നു.
  
      ഒരു നുള്ള് ചാരത്തിനു
      കണ്ണാടിയെ മലീമസമാക്കാനൊക്കുമോ
      ചാരം കൊണ്ട് കണ്ണാടിയുടെ തിളക്കം
      വര്‍ധിയ്ക്കുകയാണ്‍ ചെയ്യുക.
  
   തന്റെ സത്യാന്വേഷണത്തിന്‍ കവയിത്രിക്ക് ലഭിച്ച ഉത്തരം ഈ കവിതയിലൂടെ നമുക്ക് കാണാം
  
      എവിടെയുമുള്ള എന്തിലും
      ശിവന്‍ വസിയ്ക്കുന്നു.
      ഹിന്ദു,മുസ്ലീം എന്നിങ്ങനെ
      ഭേദഭാവനയരുതേ.
      നീ ബുദ്ധിമാനെങ്കില്‍
      അവനവനെ അറിയുക.
      അങ്ങനെ പ്രഭുവില്‍ എത്തിച്ചേരുക.
      ശരിയായ അറിവില്‍.    







 മഹ് മൂദ്  ദര്‍വീശിന്റെ  കവിതകള്‍
 
  അറബി  സാഹിത്യത്തിലെ ആധുനിക  രചനകള്‍  എന്തുകൊണ്ടോ  നമ്മുടെ  ഇടയില്‍  പ്രത്യേകിച്ചും  ക്ളാസ്  മുറികളില്‍  ചര്‍ച്ച  ചെയ്യപ്പെടുന്നില്ല. സാമ്രാജ്യത്വം ഒരു  ജനതയ്ക്കു നേരെ  നടത്തുന്ന മനുഷ്യത്വരഹിതമായ  അധിനിവേശത്തിനെതിരായുള്ള പ്രതിരോധമാണ്‍  മഹ് മൂദ്  ദര്‍വീശിന്റെ  കവിതകള്‍.
  ജന്മ നാട്ടില്‍  തടവുകാരും  അന്യ നാട്ടില്‍  അഭയാര്‍ഥികളുമായ ഫലസ്ഥീനികള്‍ക്കായി കവിത  കൊണ്ടു  പോരാടുമ്പോള്‍ സാഹിത്യ  കാരന്മാരെ  നിങ്ങള്‍  ആരുടെ  പക്ഷത്ത്  എന്ന  മാക്സിം ഗോര്‍ക്കിയുടെ  ചോദ്യത്തിന്ന് ഈ  പതിറ്റാണ്ടിലും  പ്രസക്തിയുണ്ടെന്ന്  നമുക്കു  മനസ്സിലാക്കാം.
  തിരിച്ചറിയല്‍  കാര്‍ഡ്  എന്ന  കവിത  ഇങ്ങനെ    അവസാനിക്കുന്നു.
 
  ഇത്  രേഖപ്പെടുത്തൂ
   ഞാന്‍ ഒരറബിയാകുന്നു
  നിങ്ങള്‍  എന്റെ  പൂര്‍വ പിതാക്കന്മാരുടെ
  മുന്തിരിത്തോട്ടങ്ങള്‍  കവര്‍ന്നെടുത്തു
   ഞാന്‍  ഉഴുതിരുന്ന  നിലവും
  എന്നെയും എന്റെ  കുട്ടികളെ  മുഴുവനും  കൂടിയും
  എന്നിട്ട്  ഞങ്ങള്‍ക്കും  ഞങ്ങളുടെ
  ചെറുമക്കള്‍ക്കും  കൂടി  നിങ്ങള്‍  വിട്ടു തന്നത്
  ഈ  പാറകള്‍  മാത്രം
  ഇപ്പോള്‍  പറയുന്നതു പോലെ
  അവയും  കൂടി  നിങ്ങളുടെ
  ഗവണ്മെന്റ്  എടുത്തേയ്ക്കുമോ?
  അങ്ങനെ!
  ഒന്നാമത്തെ  പുറത്തിന്റെ
  ഏറ്റവും  മുകളിലായി
  ഇത്  രേഖപ്പെടുത്തൂ
    ഞാന്‍  മനുഷ്യരെ  വെറുക്കുന്നില്ല
  ആരുടെയും  വസ്തുവില്‍  ഞാന്‍
  അതിക്രമിച്ചു കടക്കുന്നില്ല
  എന്നാല്‍ ,  എനിക്ക്  വിശന്നാല്‍
  എന്റെ  കവര്‍ച്ചക്കാരന്റെ
  മാംസം  ഞാന്‍ തിന്നും
  സൂക്ഷിക്കുക, സൂക്ഷിക്കുക  എന്റെ  വിശപ്പിനെ
  എന്റെ  കോപത്തെ!
 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ