2013, ജൂലൈ 11, വ്യാഴാഴ്‌ച


  ക്കര  എച്ച്  എ  യു  പി  സ്ക്കൂളില്‍  2010  ല്‍  ആരം ഭിച്ച  സാഹിത്യ /  രചനാ  കളരിയാണ്‍  എഴുത്തുകൂട്ടം. ഇത്  ആരം ഭിച്ചത്  സം സ്ഥാന  ഗവണ്മെന്റിന്റെയും  എസ് എസ്  എ യുടെയും  പരിപാടിയായിട്ടാണെങ്കിലും ഇതിന്റെ  സാധ്യത  മനസ്സിലാക്കിയ  വിനോദന്‍  മാസ്റ്റര്‍ അക്കര  സ്ക്കൂളില്‍  എഴുത്തുകൂട്ടം  ഇപ്പോഴും  സജീവമായി  നടത്തുന്നു. എഴുത്തുകൂട്ടത്തിന്റെ പ്രക്രിയയെക്കുറിച്ച്  വിനോദന്‍  മാഷ്..... 




രചനയുടെ  വഴികള്‍

  
                               ടി പി  വിനോദന്‍
  
  കുട്ടിയുടെ  മനസ്സിന്ന്  രണ്ട്  ജാലകങ്ങളുണ്ട്. ഒന്ന്  പുറത്തേയ്ക്ക്  തുറന്ന്  വച്ചത്. മറ്റൊന്ന്  അകത്തേയ്ക്കും. പുറം ലോകം  അനുഭവങ്ങളുടെ   സമുദ്രമാണ്‍. തിരകള്‍  , ചുഴികള്‍ , ചിപ്പികള്‍ ,കുഞ്ഞുമീനുകള്‍ , തിമിംഗലങ്ങള്‍ ...പ്രകൃതിയുടെ  നവ രസങ്ങള്‍ ജീവിതാവസ്ഥകളുടെ  വൈവിദ്ധ്യം. സ്വസ്ഥതയും  അസ്വസ്ഥതയും നല്‍കുന്ന  കാഴ്ചകള്‍. ബിം ബ കല്‍പനകളുടെ  അക്ഷയഖനികള്‍ .
  
  ഇനി  അവനവനിലേയ്ക്കു തന്നെ  നോക്കിയലോ?  മനുഷ്യന്‍  അവന്റെ  ഉല്‍പത്തികാലം മുതലേ സ്വയം  നടത്തുന്ന അന്വേഷണങ്ങള്‍ .അവനവനെ  അറിയാന്‍ , തന്റെ  ഇടം  തിരിച്ചറിയാന്‍, നിലപാട്  സ്വീകരിക്കാന്‍  ഇവിടെയാണ്‍  ജീവിക്കുന്ന  പരിസരങ്ങളിലെ അനുഭവങ്ങളെ അവന്‍ തന്റെ വ്യക്തിത്വ  രൂപീകരണം , നിലപാട് സ്വീകരിക്കല്‍  എന്നിവയുമായി  കണ്ണി  ചേര്‍ക്കുന്നത്.താന്‍  ഒരു  സമൂഹ്യ  ഉല്‍പന്നമാണെന്ന  തിരിച്ചറിവ് സ്വാഭാവികമായും  രചനകളുടെ  ചാലകശ്ക്തിയായി മാറുന്നു സ്നേഹവും  ദാരിദ്ര്യവുമെല്ലാം  രചനയുടെ  വിഷയങ്ങളാവുന്നു.
  
  നിഘണ്ടു  നിര്‍മ്മിക്കുന്ന  അര്‍ഥങ്ങളുടെ  പരിധിയെയും  പരിമിതിയെയും മറികടക്കാന്‍ കുട്ടി  ശ്രമിക്കുമ്പോള്‍ പുതിയ  ഭാഷ  രൂപപ്പെടുന്നു. ഇങ്ങനെ  ഭാഷയ്ക്കുള്ളില്‍  പുതിയ  ഭാഷയും വാക്കിനുള്ളില്‍  പുതിയ  അര്‍ഥവും സൃഷ്ടിക്കുമ്പോള്‍ രചന സര്‍ഗാത്മകമാവുന്നു. ഭാഷ  നവീകരിക്കപ്പെടുന്നു. അതിജീവനത്തിനുള്ള  കരുത്തു നേടുന്നു.

    

  കുട്ടിയുടെ പഞ്ചേന്ദ്രിയങ്ങളെ  അനുഭവങ്ങളിലേയ്ക്ക് തുറന്നു  വയ്ക്കാന്‍  അവസരമൊരുക്കുക  എന്നതാണ്‍ ഭാഷാപ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്ന  ഒരു  അദ്ധ്യാപകന്റെ  പ്രധാന  ഉത്തരവാദിത്തം. ഇതിനായി  എഴുതല്‍ , പറയല്‍ ,  ആശയങ്ങള്‍  പരസ്പരം  പങ്കുവയ്ക്കല്‍   എന്നിവയിലൂടെ കുട്ടികള്‍  കടന്നുപോകണം. 
  ഉദാഹരണത്തിന്ന്  വേരുകളെ എങ്ങനെയെല്ലാം  കാണാം/ പറയാം/ എഴുതാം  എന്ന  ചോദ്യം  കുട്ടിയെ  തീര്‍ച്ചയായും പുതിയ  കാഴ്ചകളിലേയ്ക്ക്  നയിക്കും. ഈ ശ്രമം  തീരെ  പരാജയപ്പെട്ടാല്‍  ചില  ഉദാഹരണങ്ങള്‍  സൂചിപ്പിക്കാം.

 ആലത്തൂര്‍  ബി ആര്‍ സി എഴുത്തുകൂട്ടത്തില്‍ നിന്നും ചില  ഉദാഹരണങ്ങള്‍   (2012)

  
  മരണദിനം  അടുത്തു
  ജീവിത  വേരുകള്‍  പിളര്‍ന്നു.     (ബ്രൈറ്റ് വിന്‍)
  
  സൗന്ദര്യമില്ലേലും  
  നീയും  വളരില്ലേ
  കുഞ്ഞുവേരേ?               (ചിത്ര)
  
  കാലത്തിന്റെ  ഹൃദയത്തില്‍  
  ആഴ്ന്നിറങ്ങിയ  ദു:ഖം        (അഞ്ജലി  എം)
  
  കവിയുടെ  മനസ്സിലെ
  കവിതയുടെ  വേരുകള്‍   
  ജീവിതത്തിന്റെ  പുസ്തകത്തിലെ
  പൂവുകള്‍                (ജന്നത്തുല്‍  ഫിര്‍  ദൗസ്)
  
  തളിരിടുന്ന  ഇലകള്‍ക്ക്
  പരിചയമില്ലാത്ത  അമ്മ      (നോയല്‍)
  
  വേദനയുടെ  വിത്തിന്റെ 
  കൈ പിടിച്ച്
  ജീവിതത്തിന്റെ  ഇരുട്ടിലേയ്ക്ക്
  ആഴ്ന്നിറങ്ങി        (സ്വാലിഹ   ബി)
  
  വേരുകള്‍  മനസ്സിന്റെ  അടച്ചുറപ്പ്    (അഞ്ജന)
  
  ജീവിതത്തിന്റെ  വരളാത്ത  
  പാദം                   (നെഷ്ല)

  ഇമേജറികളിലേയ്ക്ക്

  
  ഇതുപോലെ  വെയില്‍ , ഇലകള്‍ , മഴ  തുടങ്ങി  സൂര്യനു  താഴെയുള്ള എന്തിനേയും വ്യത്യസ്തമായി  കാണാനുള്ള സന്ദര്‍ഭം  ക്ളാസ്  മുറിയില്‍  ഒരുക്കിയപ്പോള്‍ ഉണ്ടായ  പ്രതികരണങ്ങള്‍  പലതും  പുതിയ  കവിതകളായി. കാവ്യഭാഷയോടു  ചേര്‍ന്നു നില്‍ക്കുന്ന  പദച്ചേരുവകളായി.
  
  ഒരു ആശയത്തെ  എങ്ങനെയാണു  വ്യത്യസ്തമായി  കാണുന്നത്?
  
  കറിയുപ്പ്  തീര്‍ന്നു  എന്ന  വാചകം  കൊടുത്തപ്പോള്‍  ഉണ്ടായ രചന  ശ്രദ്ധിക്കൂ:
  
  കാലത്തിന്റെ  കലത്തില്‍
  കറിയുപ്പ്  തീര്‍ന്നു
  വാങ്ങാന്‍  ദരിദ്രന്റെ  കടലിലേയ്ക്ക്  പോയി
  കലം നിറച്ച്  ഉപ്പ് കിട്ടി      ( അജ്മല്‍ എച്ച്)
  
  കവിതാചര്‍ച്ച/  കഥാ ചര്‍ച്ച
  
  രചനയിലേയ്ക്ക്  കുട്ടിയെ  നയിക്കാന്‍  ആവശ്യമായ  മറ്റൊരു  ഘടകം  കവിതാചര്‍ച്ചയാണ്‍. ഇതിനായി എഴുത്തച്ഛന്‍ മുതല്‍ എം എസ് സുനില്‍കുമാര്‍  വരെയുള്ളവരുടെ  രചനകള്‍  ഗ്രൂപ്പ്  ചര്‍ച്ചയ്ക്കായി  നല്‍കാം.
  
  ചില  ഉദാഹരണങ്ങള്‍
  
  ആലില      അയ്യപ്പന്‍
  
  ലളിതം      പി   പി  രാമചന്ദ്രന്‍
  
  പുട്ട്        പവിത്രന്‍  തീക്കുനി
  
  വെയില്‍പൂവ്    എം   എസ്   സുനില്‍കുമാര്‍
  
  ഇതിനുപുറമെ  ആനുകാലികങ്ങളില്‍  വരുന്ന   കഥകള്‍  , കവിതകള്‍  എന്നിവ  തെരഞ്ഞെടുത്ത്  നല്‍കാം.
  
  ചര്‍ച്ച  എങ്ങനെ  സജീവമാക്കാം?
  
  ചില  ചോദ്യങ്ങള്‍  ഉന്നയിക്കാവുന്നതാണ്‍. ഉദഹരണത്തിന്ന്
  
  ഈ  രചന നിങ്ങളോട്  എന്തിനെക്കുറിച്ചാണു  പറയുന്നത്?
  
  ഇതില്‍  കാവ്യാംശം  ഏറ്റവും അധികമുള്ള  ഭാഗം  ഏത്?
  ചില  പ്രത്യേക  പ്രയോഗ്ന്ഗള്‍  സവിശേഷാര്‍ഥത്തില്‍  പ്രയോഗിച്ചത്  എന്തുകൊണ്ട്/
  
ഇത്തരം  ചോദ്യങ്ങളിലൂടെ  തുടരുന്ന  കവിതാചര്‍ച്ച നിരവധി  രചനകളിലൂടെ  കടന്നുപോകുമ്പോള്‍ കുട്ടി  തന്റെ  മുന്‍ ധാരണകള്‍  പലതും  ഉപേക്ഷിക്കുകയും കവിതയുടെ  രൂപത്തെ സം ബന്ധിച്ചും  ആശയാവിഷ്കര  മാതൃകകളെ സം ബന്ധിച്ചും പുതിയ  ധാരണകള്‍  നേടുകയും  ചെയ്യും. 
  അത്  തുടര്‍ന്നുള്ള രചനകള്‍ക്ക് വറ്റാത്ത  ഇന്ധനമാവും.. 
  
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ